പ്രതിസന്ധികൾക്കിടയിൽ അവസാന അങ്കത്തിന് പിണറായി സർക്കാർ: നിയമസഭാ ബഡ്ജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്നു

Jaihind News Bureau
Tuesday, January 20, 2026

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭാ നടപടികൾ ആരംഭിക്കുക. ഭരണഘടനയിലെ സുപ്രധാന ഘട്ടമായ ബഡ്ജറ്റ് ഈ മാസം 29-ന് സഭയിൽ അവതരിപ്പിക്കും. സർക്കാരിൻ്റെ ഈ കാലാവധിയിലെ അവസാന ബഡ്ജറ്റ് എന്ന നിലയിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഈ സമ്മേളനത്തിനുള്ളത്.

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും സി.പി.എമ്മിനെയും സർക്കാരിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലാണ് സഭ സമ്മേളിക്കുന്നത്. വരും ദിവസങ്ങളിൽ സ്വർണ്ണക്കൊള്ളയും മന്ത്രി സജി ചെറിയാൻ്റെ വിവാദ വർഗീയ പരാമർശങ്ങളും സഭയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.

മറുഭാഗത്ത്, തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും വിജയം നൽകിയ ആത്മവിശ്വാസവുമായാണ് യു.ഡി.എഫ് ഇക്കുറി സഭയിലെത്തുന്നത്. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും ആയുധമാക്കി ഭരണപക്ഷത്തെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കം കൂടിയായി ഈ സമ്മേളനം മാറാൻ സാധ്യതയുണ്ട്.