
കോഴിക്കോട്: സ്വകാര്യ ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ കണ്ടന്റ് ക്രിയേറ്ററായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കെതിരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വടകര പോലീസ് കേസെടുത്തത്. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പയ്യന്നൂരില്‍ വെച്ച് ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും ദീപക് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. യുവതിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ദീപക്കിനെ മനഃപൂര്‍വ്വം അപമാനിക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിയ്ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ദീപക്കിന്റെ മരണശേഷവും തന്റെ ആരോപണങ്ങളില്‍ യുവതി ഉറച്ചുനില്‍ക്കുകയും വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ വടകര ഇന്‍സ്പെക്ടര്‍ യുവതിയുടെ വാദങ്ങള്‍ തള്ളി. പയ്യന്നൂരില്‍ വെച്ച് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ വടകര പോലീസിനെ സമീപിച്ചുവെന്ന യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിന് പിന്നാലെ സൈബര്‍ ഇടങ്ങളില്‍ യുവതിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഷിംജിത തന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിട്ടുണ്ട്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.