ശബരിമല സ്വര്‍ണ്ണക്കൊള്ള: ഹൈക്കോടതിയുടെ സുപ്രധാന നീക്കം, പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകള്‍ പരിശോധിക്കും

Jaihind News Bureau
Monday, January 19, 2026

 

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. പ്രശാന്ത് പ്രസിഡന്റായിരുന്ന കാലയളവില്‍ നടന്ന സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിന് പുറമെ, കേസിലെ പ്രധാന പ്രതികളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.

അന്വേഷണത്തിന്റെ ഭാഗമായി നാളെ ശബരിമലയില്‍ വീണ്ടും പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കി. സന്നിധാനത്തെ വാതില്‍പാളികള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായി അളന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം. സ്വര്‍ണ്ണപ്പാളികള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ പുനഃപരിശോധന.

ശബരിമലയില്‍ നടന്നത് വന്‍ കൊള്ളയാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് നിലവിലെ പരിശോധനാ റിപ്പോര്‍ട്ടെന്ന് കോടതി നിരീക്ഷിച്ചു. വി.എസ്.എസ്.സി ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച സാങ്കേതിക റിപ്പോര്‍ട്ടിലെ വൈരുദ്ധ്യങ്ങള്‍ പരിഗണിച്ച്, പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വര്‍ണ്ണപ്പാളികള്‍ പഴയതാണോ അതോ പുതിയതാണോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കാനാണ് എസ്.ഐ.ടിയോട് കോടതി ആവശ്യപ്പെട്ടത്.

ഫെബ്രുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്നോടിയായി പഴയ വാതില്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടാനും അന്വേഷണ സംഘത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.