ബസില്‍ ലൈംഗികാതിക്രമം ആരോപിച്ച് വീഡിയോ: യുവാവ് ജീവനൊടുക്കിയ സംഭവം ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Jaihind News Bureau
Monday, January 19, 2026

കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തെക്കുറിച്ച് നോര്‍ത്ത് സോണ്‍ ഡി.ഐ.ജി നേരിട്ട് അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

യുവതി വീഡിയോ പുറത്തുവിട്ടതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതി ഗൗരവകരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കമ്മീഷന്‍ ഈ കേസ് വിശദമായി പരിഗണിക്കും.

കണ്ടന്റ് ക്രിയേറ്ററായ യുവതി ബസില്‍ വെച്ച് യുവാവ് മോശമായി പെരുമാറി എന്ന് ആരോപിച്ച് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യുവാവ് വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടുകയും വലിയ മാനസിക സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. തുടര്‍ന്നാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. വി. ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവര്‍ നല്‍കിയ പരാതികളിന്മേലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഈ കര്‍ശന നടപടി.