
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചത്. സജി ചെറിയാൻ നടത്തിയത് വെറുമൊരു പ്രസ്താവനയല്ല, മറിച്ച് കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ്വമായ വിദ്വേഷ പ്രസംഗമാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണമായ അറിവോടെയാണ് ഇത്തരം പ്രസ്താവനകൾ പുറത്തുവരുന്നത്. വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് വരും തലമുറകളോട് ചെയ്യുന്ന ക്രൂരതയാണെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ആദ്യം എ.കെ. ബാലനും ഇപ്പോൾ സജി ചെറിയാനും പുറത്തുവിടുന്ന ഈ വിഷലിപ്തമായ പ്രസ്താവനകൾ കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി. “സതീശനും പിണറായിയും നാളെ ഓർമ്മയാകും, പക്ഷേ കേരളം ഇവിടെ ബാക്കിയുണ്ടാകും” എന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് തീ കൊളുത്തുന്ന രീതിയാണ് സിപിഎമ്മിന്റേതെന്ന് വ്യക്തമാക്കി. തീപ്പൊരി വീഴാൻ കാത്തിരിക്കുന്ന വർഗീയ ശക്തികൾക്ക് തീക്കൊള്ളി നൽകുന്ന ഈ നിലപാട് സിപിഎമ്മിന്റെ നാശത്തിന് വഴിവെക്കുമെന്നും, ഇത് ആ പാർട്ടിയുടെ അവസാനത്തിന്റെ ആരംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദായ നേതാക്കളുമായി ബന്ധപ്പെട്ട തന്റെ നിലപാടിലും വി.ഡി. സതീശൻ വ്യക്തത വരുത്തി. സമുദായ നേതാക്കളെ മോശമായി പറയില്ലെന്നും എന്നാൽ അവരോടുള്ള സമീപനത്തിൽ കൃത്യമായ അന്തസ്സ് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. “സമുദായ നേതാക്കൾക്ക് മുന്നിൽ ഇരുന്നാൽ മതി, കിടക്കേണ്ടതില്ല” എന്ന തന്റെ നിലപാട് ആവർത്തിച്ച അദ്ദേഹം, നേതാക്കളെ കാണാൻ പോകുന്നത് തിണ്ണ നിരങ്ങലാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ഒഴിവാക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.