കാമുകന് വേണ്ടി കുഞ്ഞിനെ കൊന്ന അമ്മ കുറ്റക്കാരിയെന്ന് കോടതി; സുഹൃത്ത് നിധിനെ വെറുതെ വിട്ടു

Jaihind News Bureau
Monday, January 19, 2026

കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാരൻ വിയാനെ കടൽതീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കാമുകനൊപ്പം ജീവിക്കുന്നതിനായി സ്വന്തം ചോരയെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന ക്രൂരമായ കൊലപാതകം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എന്നാൽ, കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചനയിൽ നിധിനുള്ള പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടർന്നാണ് ഈ നടപടി. ഈ മാസം 21-ന് ശരണ്യയ്ക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കും.

അന്വേഷണ ഘട്ടത്തിൽ ശരണ്യയുടെ വസ്ത്രത്തിൽ നിന്നും കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം ശാസ്ത്രീയ തെളിവായി കോടതി സ്വീകരിച്ചു. എന്നാൽ, കേസ് അന്വേഷണത്തിലും നടത്തിപ്പിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയെന്നും, പ്രോസിക്യൂഷൻ കേസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും കോടതി വിമർശിച്ചു. പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ അടിസ്ഥാനത്തിലാകരുത് എന്ന് ഓർമ്മിപ്പിച്ച കോടതി, പ്രോസിക്യൂഷനെ നിശിതമായി വിമർശിച്ചു.

2020 ഫെബ്രുവരി 17-നാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനും ശരണ്യ ശ്രമിച്ചിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ശരണ്യ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. 47 സാക്ഷികളെ വിസ്തരിച്ച കേസിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.