ബസില്‍ ലൈംഗികാതിക്രമെന്ന് ആരോപണം; യുവതിയുടെ വീഡിയോ വൈറലായി; പിന്നാലെ ആത്മഹത്യ ചെയ്ത് യുവാവ്

Jaihind News Bureau
Sunday, January 18, 2026

കോഴിക്കോട്:  ബസില്‍ വെച്ച് യുവതിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ഗോവിന്ദപുരം സ്വദേശി ദീപക്കിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ വൈറലായതിനെത്തുടര്‍ന്നുണ്ടായ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ദീപക്കിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ദീപക് യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വീഡിയോ തെറ്റായ രീതിയില്‍ ചിത്രീകരിച്ചതാണെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. താന്‍ വടകര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് യുവതി വീഡിയോയില്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും, അത്തരമൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇതോടെ വീഡിയോ പുറത്തുവിട്ട യുവതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം പോലീസിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.