
എസ്.ഐ.ആർ പ്രവർത്തനങ്ങളിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കെപിസിസി പ്രതിനിധി സംഘം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറോട് ആവശ്യപ്പെട്ടു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎൽഎ, വൈസ് പ്രസിഡന്റുമാരായ എം. വിൻസന്റ് എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ എന്നിവരടങ്ങുന്ന സംഘമാണ് പരാതി നൽകിയത്. സോഫ്റ്റ്‌വെയർ പിഴവുകൾ കാരണം 18 ലക്ഷത്തോളം പേർ വോട്ടർപട്ടികയ്ക്ക് പുറത്തായ സാഹചര്യം ഗൗരവകരമാണെന്ന് സംഘം ചൂണ്ടിക്കാട്ടി.
ഭൂമിശാസ്ത്രപരമായ പരിശോധനകൾ നടത്താതെയുള്ള വാർഡ് വിഭജനം വോട്ടർമാരെ പലയിടങ്ങളിലായി ചിതറിച്ചിരിക്കുകയാണ്. ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടർമാരെ ഹിയറിംഗിന് വിളിച്ച് ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. 2002-ലെ പട്ടികയിൽ പേരില്ലാത്തവരിൽ രേഖകൾ കൃത്യമായി നൽകിയവരെ വീണ്ടും ഹിയറിംഗിന് വിളിക്കരുത്. കമ്മീഷൻ വരുത്തിയ പിഴവുകളുടെ പേരിൽ വോട്ടർമാരെ ശിക്ഷിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കോൺഗ്രസ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
എസ്.ഐ.ആർ പ്രവർത്തനങ്ങളിൽ സംസ്ഥാനവ്യാപകമായി ഏകീകൃത സ്വഭാവവും നടപടികളിൽ സുതാര്യതയും ഉറപ്പാക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബൂത്ത് വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന ആവശ്യവും ഉദ്യോഗസ്ഥർക്ക് നൽകിയ നിവേദനത്തിൽ ഉന്നയിച്ചു.