‘ക്ഷാമബത്തയിൽ സർക്കാരിന്റേത് ഇരട്ടത്താപ്പ്’; ജാള്യത മറയ്ക്കാൻ മന്ത്രി പത്രസമ്മേളനം നടത്തുന്നുവെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, January 17, 2026

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്തയും കുടിശ്ശികയും സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേത് ശുദ്ധമായ ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഡി.എ ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ നടപടി തൊഴിലാളി വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാർത്ത പുറത്തുവന്നതോടെയുണ്ടായ ജാള്യത മറയ്ക്കാനാണ് ധനമന്ത്രി ഇപ്പോൾ പത്രസമ്മേളനം നടത്തി ന്യായീകരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പുറത്ത് പറയുമ്പോഴും, കോടതിയിൽ നൽകിയ സത്യവാങ്മൂലം ഇതിന് നേർവിപരീതമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അവകാശ സംരക്ഷകരെന്ന പേരിൽ അധികാരത്തിൽ വന്നവർ ഡി.എ പോലും അവകാശമല്ലെന്ന് പറയുന്നത് ‘വർഗ്ഗവഞ്ചന’യാണ്. സർക്കാർ അറിയാതെയാണ് സത്യവാങ്മൂലം നൽകിയതെന്ന ഭരണാനുകൂല സംഘടനകളുടെ വാദം അപഹാസ്യമാണെന്നും സർക്കാരിന്റെ ഈ നിലപാടിൽ ജീവനക്കാർ കടുത്ത ആശങ്കയിലാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ വ്യക്തമാക്കി.