
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അടിത്തറ വിപുലമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുന്നണിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍, വ്യക്തികള്‍ എന്നിവരുമായി സഹകരിക്കും. എന്നാല്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും, നിലവില്‍ അത്തരമൊരു ചര്‍ച്ചയുടെ ആവിശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് വി.ഡി. സതീശന് ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത്. ഏത് കാലത്തെ കാര്യങ്ങള്‍ അന്വേഷിച്ചാലും പ്രതിപക്ഷത്തിന് ഭയമില്ല. എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പെട്ട് ജയിലിലായ സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.എമ്മും സര്‍ക്കാരും തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് ദുരിതബാധിതരുടെ പുനരധിവാസ കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്ന സഹായധനം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഒരു പൈസ പോലും പാവങ്ങള്‍ക്ക് കൊടുക്കാതെ സര്‍ക്കാര്‍ കള്ളം പ്രചരിപ്പിക്കുകയാണ്. സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ പോലും സര്‍ക്കാരിന് ഒരു വര്‍ഷം വേണ്ടിവന്നു. അതേസമയം, യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി നടപ്പിലാക്കി. മൂന്ന് മാസത്തിനുള്ളില്‍ സ്ഥലം കണ്ടെത്തുകയും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് മാതൃക കാട്ടിയതായും വി ഡി സതീശന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് എംഎല്‍എമാര്‍ 19 ലക്ഷം രൂപ കൈമാറി. മുസ്ലിം ലീഗ് 100 വീടുകളുടെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കൂടാതെ കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ക്കായി 20 കോടി രൂപ കൈമാറിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ ജനങ്ങള്‍ തിരിച്ചറിയുമെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.