സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുത്തില്ല; കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴില്‍ നിഷേധിച്ചു

Jaihind News Bureau
Saturday, January 17, 2026

 

സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ആദിവാസിയായ തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴില്‍ നിഷേധിച്ചു. കണ്ണൂര്‍ പേരാവൂരിലെ മുരിങ്ങോടി പാറങ്ങോട്ട് ആദിവാസി ഉന്നതിയിലെ ലക്ഷ്മിക്കാണ് തൊഴില്‍ നിഷേധിച്ചത്. വ്യാഴാഴ്ച കണ്ണൂരില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കാത്തതിനാണ് ലക്ഷ്മിക്കെതിരെ പാര്‍ട്ടിയുടെ പക പോക്കല്‍.

ലക്ഷ്മിക്ക് 60 വയസ്സിന് മുകളില്‍ പ്രായമുണ്ട്. അസുഖമായതിനാല്‍ ലക്ഷ്മി രണ്ട് ദിവസം ജോലിക്ക് പോയിരുന്നില്ല. ഇന്നലെ വീണ്ടും തൊഴിലുറപ്പ് ജോലിക്കായി ചെന്നപ്പോള്‍ സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്ന് പറഞ്ഞ് ലക്ഷ്മിയെ തൊഴില്‍ എടുക്കാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. തൊഴിലുറപ്പ് നിയമം അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് സി പി എം സമരം നടത്തിയത്. ഇ പി ജയരാജനായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സമരത്തിന് എത്തിയിരുന്നു.