
ഭരണവിരുദ്ധ വികാരവും ജനങ്ങളുടെ ചോദ്യങ്ങളും നേരിടാന്‍ കഴിയാതെ സിപിഎം പ്രതിരോധത്തിലാകുന്നു. ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ ജനങ്ങള്‍ ആഞ്ഞടിച്ചാല്‍ ‘മിണ്ടാതിരിക്കണം’ എന്ന് നിര്‍ദ്ദേശിക്കുന്ന വിചിത്രമായ പെരുമാറ്റച്ചട്ടമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജനങ്ങളുമായി തര്‍ക്കിക്കരുതെന്നും അവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണമെന്നുമാണ് കീഴ്ഘടകങ്ങള്‍ക്ക് നല്കിയ സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശം.
വീടുകളിലെത്തുമ്പോള്‍ ജനങ്ങളുമായി യാതൊരു കാരണവശാലും തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ജനങ്ങള്‍ അവരുടെ പരാതികളോ അഭിപ്രായങ്ങളോ പറയുമ്പോള്‍ ഇടയ്ക്കുകയറി സംസാരിക്കരുത്. അവരുടെ വാക്കുകള്‍ പൂര്‍ണ്ണമായും ക്ഷമാപൂര്‍വ്വം കേള്‍ക്കാനും ശാന്തമായി മറുപടി നല്‍കാനും പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഉമ്മറത്തുനിന്നുള്ള സംസാരത്തിന് പകരം വീടിനകത്ത് കയറി സമാധാനപരമായ അന്തരീക്ഷത്തില്‍ വേണം ആശയവിനിമയം നടത്താന്‍.
ബിജെപിയിലേക്ക് ചേക്കേറിയ കെ. പത്മകുമാറിനെതിരെയുള്ള നടപടി ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് ജനങ്ങളോട് പറയണം. കൂടാതെ, ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരെ പാര്‍ട്ടി ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ വിശ്വാസികള്‍ക്കെതിരല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മകുമാറിനെതിരെ എന്ത് പറയണമെന്ന കാര്യത്തിലും സര്‍ക്കുലര്‍ വ്യക്തത നല്കുന്നു. ‘ഉചിതമായ സമയത്ത് നടപടി ഉണ്ടാകും’ എന്ന പതിവ് പല്ലവി പറഞ്ഞ് തടിയൂരാനാണ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കൂടാതെ, ആര്‍എസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും വിമര്‍ശിക്കുന്നത് വിശ്വാസികളെ മുറിപ്പെടുത്താനല്ലെന്ന ‘തിരുത്തല്‍’ വാദവും വീടുകളില്‍ വിളമ്പണം. വിശ്വാസി വോട്ടുകള്‍ കൂട്ടത്തോടെ ചോരുന്നത് തടയാനുള്ള അവസാനവട്ട ശ്രമമായി ഇതിനെ കാണാം.