യൂണിഫോം നല്‍കിയില്ല; പുല്‍പ്പള്ളിയില്‍ പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

Jaihind News Bureau
Saturday, January 17, 2026

 

വയനാട്: പുല്‍പ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം. പ്രിയദര്‍ശിനി ഉന്നതിയിലെ 14 വയസ്സുകാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ അയല്‍വാസിയായ രാജു ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതിയായ രാജു ജോസ് പെണ്‍കുട്ടിയോട് അവളുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിഫോം ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ യൂണിഫോം നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ചത്.

ആക്രമണത്തിന് തൊട്ടുപിന്നാലെ പെണ്‍കുട്ടിയെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പൊള്ളല്‍ ഗുരുതരമായതിനാലും കൂടുതല്‍ വിദഗ്ധ പരിചരണം ആവശ്യമായതിനാലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.