
തിരുവനന്തപുരം ഗവ. ലോ കോളേജ് കാമ്പസിനുള്ളിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി തടഞ്ഞു. മണ്ഡപത്തിന്റെ നിർമ്മാണം അനധികൃതമാണെന്ന് നിരീക്ഷിച്ച കോടതി, നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണ്ണായക വിധി. കോടതി ഉത്തരവ് കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർക്കും പോലീസിനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
ലോ കോളേജ് വിദ്യാർത്ഥിയായ അക്ഷയ് കൃഷ്ണൻ സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതിയുടെ ഈ നടപടി. എസ്.എഫ്.ഐ മുൻ നേതാവ് സക്കീർ ഹുസൈന്റെ സ്മരണയ്ക്കായി നിർമ്മിച്ച മണ്ഡപത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവ്വഹിക്കാനിരിക്കെയാണ് കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. കാമ്പസിനുള്ളിലെ രാഷ്ട്രീയ സ്മാരകങ്ങൾക്കെതിരെ കർശന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.