‘മാണി സാര്‍ നരകത്തീയില്‍ വെന്തുമരിക്കണം എന്ന് പറഞ്ഞവരാണ് ഇപ്പോള്‍ അദ്ദേഹത്തിന് സ്മാരകം പണിയുന്നത്’: വി ഡി സതീശന്‍

Jaihind News Bureau
Friday, January 16, 2026

 

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയെ ജീവിച്ചിരുന്നപ്പോള്‍ അങ്ങേയറ്റം അപമാനിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാണി സാര്‍ നരകത്തീയില്‍ വെന്തുമരിക്കണമെന്ന് പരസ്യമായി പ്രസംഗിച്ച സി.പി.എം നേതാക്കളാണ് ഇപ്പോള്‍ സ്മാരകം പണിയാന്‍ സ്ഥലം അനുവദിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.

തിരുവനന്തപുരത്ത് കെ.എം. മാണിക്ക് സ്മാരകം പണിയാന്‍ സ്ഥലം അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇത് വരാനിരിക്കുന്ന തലമുറയ്ക്ക് കെ.എം. മാണി എന്ന രാഷ്ട്രീയ നേതാവിനെക്കുറിച്ച് പഠിക്കാന്‍ ഉപകരിക്കണം. സ്മാരകം കേവലം ഒരു കെട്ടിടമായി മാറാതെ മികച്ച പഠന ഗവേഷണങ്ങള്‍ നടത്തുന്ന കേന്ദ്രമാകണം. സ്മാരകത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതില്‍ പ്രതിപക്ഷവും കൂടി നിമിത്തമായതില്‍ വലിയ സന്തോഷമുണ്ടെന്നും വി ഡി സതീശന്‍ പരിഹാസ രൂപേണ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വി ഡി സതീശന്‍ തള്ളി. അവര്‍ നിലവില്‍ ഇടതുമുന്നണിയിലുള്ള കക്ഷിയാണെന്നും അവരുമായി യു.ഡി.എഫ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നും പ്രതിപക്ഷം പറഞ്ഞിട്ടില്ല. എന്നാല്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് വിപുലീകരിക്കുമെന്നും ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണം കവര്‍ന്ന സ്വന്തം പാര്‍ട്ടിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവര്‍ക്ക് കുടപിടിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. അഴിമതിക്കാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.