ഇറാനെതിരായ സൈനിക നടപടിയില്‍ നിന്ന് അമേരിക്ക പിന്നോട്ട്; ഗള്‍ഫ് രാജ്യങ്ങളുടെയും നെതന്യാഹുവിന്റെയും ഇടപെടല്‍ നിര്‍ണ്ണായകം

Jaihind News Bureau
Friday, January 16, 2026

ടെഹ്റാന്‍: ആഭ്യന്തര പ്രക്ഷോഭം ആളിപ്പടരുന്ന ഇറാനില്‍ ഭരണകൂടത്തിനെതിരെ സൈനിക നടപടിക്ക് ഒരുങ്ങിയിരുന്ന അമേരിക്ക നിലപാട് മയപ്പെടുത്തുന്നു. ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളും ഗള്‍ഫ് രാജ്യങ്ങളും ഇറാനെതിരായ സൈനിക നീക്കം ഇപ്പോള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതോടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ മേഖലയിലെ വലിയ യുദ്ധസാധ്യതയെക്കുറിച്ച് ആശങ്ക അറിയിച്ചതാണ് ഈ പിന്‍മാറ്റത്തിന് പ്രധാന കാരണമായത്. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ പശ്ചിമേഷ്യയിലാകെ സംഘര്‍ഷം വ്യാപിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ഇസ്രയേലിന് പുറമെ സൗദി അറേബ്യ, ഈജിപ്ത്, ഒമാന്‍, ഖത്തര്‍ തുടങ്ങിയ അറബ് രാജ്യങ്ങളും സൈനിക നടപടിയില്‍ നിന്ന് പിന്തിരിയാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. സൈനിക ഇടപെടല്‍ കൊണ്ട് മാത്രം ഇറാനിലെ നിലവിലെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്നും, മറിച്ച് അത് ലോകത്തെ തന്നെ ബാധിക്കുന്ന വലിയൊരു സാമ്പത്തിക-സുരക്ഷാ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഈ രാജ്യങ്ങള്‍ ട്രംപിനെ ബോധ്യപ്പെടുത്തി. അമേരിക്ക പ്രക്ഷോഭകാരികളെ സഹായിക്കാന്‍ സൈനികമായി ഇടപെടുകയാണെങ്കില്‍ മേഖലയിലുള്ള യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് യുഎഇ, ഖത്തര്‍, തുര്‍ക്കി, സൗദി തുടങ്ങിയ രാജ്യങ്ങളെ കടുത്ത ആശങ്കയിലാക്കിയിരുന്നു.

നേരിട്ടുള്ള സൈനിക നീക്കം ഒഴിവാക്കിയെങ്കിലും ഇറാന്‍ ഭരണകൂടത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള നീക്കങ്ങള്‍ അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കും സുപ്രധാന സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ ചുമത്തി. ആഗോള ബാങ്കിങ്, സാമ്പത്തിക സംവിധാനങ്ങള്‍ ഇറാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രക്ഷോഭങ്ങള്‍ക്കിടയിലും ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അടയ്ക്കുന്നതിലൂടെ ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്കയുടെ നീക്കം.

അതേസമയം, ഇറാനിലെ ആഭ്യന്തര സാഹചര്യം മോശമായതോടെ അവിടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഏകദേശം പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനിലുള്ളത്. ഒഴിപ്പിക്കാനുള്ളവരുടെ ആദ്യ പട്ടിക ഇന്ത്യന്‍ എംബസി തയ്യാറാക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികളോടും മടങ്ങാന്‍ ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇറാന്‍ അധികൃതര്‍ രക്ഷാദൗത്യത്തോട് സഹകരിക്കുന്നുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.