
എടക്കര: ഇറക്കത്ത് നിര്‍ത്തിയിട്ട സ്വന്തം മിനി ലോറി ഉരുണ്ട് വന്ന് ദേഹത്ത് കയറി ഉടമക്ക് ദാരുണാന്ത്യം. എടക്കര പെരുങ്കുളം തോണിക്കൈ വട്ടക്കുന്നേല്‍ ഷിജു (കുട്ടന് 48) ആണ് മരിച്ചത്. രാത്രി എട്ടോടെയാണ് അപകടം. വാഹനത്തിന്റെ ഡ്രൈവറും ഷിജു തന്നെയാണ്.
വീടിന് സമീപം ചെറിയ ഇറക്കത്തിലുളള വഴിയിലാണ് മിനി ലോറി ഷിജു നിര്‍ത്തിയിട്ടത്. നിര്‍ത്തിയ വാഹനത്തില്‍ നിന്നും വീട്ടു സാധനങ്ങള്‍ എടുത്ത് വഴിയിലൂടെ മുന്നോട്ടു നടക്കുന്നതിനിടയില്‍ വാഹനം ഉരുണ്ടു വന്ന് ദേഹത്ത് തട്ടിയിരുന്നു. വഴിയിലേക്ക് വീണ ഷിജുവിന്റെ കഴുത്തിലൂടെ വാഹനം കയറിയിറങ്ങി. നാട്ടുകാര്‍ എത്തി വാഹനം നീക്കിയാണ് ഷിജുവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെളളിയാഴ്ച സംസ്കരിക്കും. ഭാര്യ: രമ്യ (സന്ധ്യ). മക്കള്‍: ആദിത്യ (നഴ്സിങ് വിദ്യാര്‍ഥിനി, മൈസൂരു), ആതിര (പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാലേമാട് വിവേകാനന്ദ സ്കൂള്‍). പിതാവ്: പരേതനായ സദാനന്ദന് (പൊലീസ് ഡ്രൈവര്‍), മാതാവ്: പരേതയായ കമലാക്ഷി.