
വയനാട് സി.പി.എമ്മില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് എ.വി. ജയന്‍ പാര്‍ട്ടി വിട്ടു. കഴിഞ്ഞ 35 വര്‍ഷമായി പാര്‍ട്ടിയുടെ സജീവ സാന്നിധ്യമായിരുന്ന തനിക്ക് ഇപ്പോള്‍ സി.പി.എമ്മില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജില്ലാ സമ്മേളനം മുതല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെ ആസൂത്രിതമായി വേട്ടയാടുകയാണെന്നും, ഭീഷണിയുടെ സ്വരത്തിലാണ് ഇപ്പോള്‍ സംഘടനയ്ക്കുള്ളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടിയിലെ ശശീന്ദ്രന്‍-റഫീഖ് പക്ഷത്തിനെതിരെ താന്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ഈ വേട്ടയാടലിന് കാരണമായതെന്ന് ജയന്‍ പറയുന്നു. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ വേണ്ടി ചില നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇത്തരം അട്ടിമറികള്‍ പാര്‍ട്ടിയുടെ ഭാവിക്ക് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം, ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച തനിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും വ്യക്തമാക്കി.