കനത്ത തിരിച്ചടികള്‍ക്കിടയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന് മുതല്‍ തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയുടെ ‘ടേം’ വ്യവസ്ഥയില്‍ നിര്‍ണ്ണായക ചര്‍ച്ച

Jaihind News Bureau
Friday, January 16, 2026

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയവും ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെയുള്ള വിവാദങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍, സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ കേരളത്തിലെ ഭരണ-പാര്‍ട്ടി സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പ്രധാന ചര്‍ച്ചാവിഷയമാകും.

രാജ്യത്ത് പാര്‍ട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനമായ കേരളത്തില്‍ ഭരണവിരുദ്ധ വികാരവും വിവാദങ്ങളും പാര്‍ട്ടിയുടെ അടിത്തറ ഇളക്കുന്ന സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയെ നയിക്കാന്‍ ഒരവസരം കൂടി നല്‍കണമോ എന്ന കാര്യത്തില്‍ യോഗം നിലപാട് വ്യക്തമാക്കും. നിലവിലുള്ള ‘ടേം’ വ്യവസ്ഥയില്‍ ഇളവ് നല്‍കി മുഖ്യമന്ത്രിയെ വീണ്ടും മത്സരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടായേക്കും.

കേരളത്തിന് പുറമെ മറ്റ് നാല് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും. പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസും അതില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കുന്ന കേന്ദ്ര കമ്മിറ്റി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കായി പുതിയ അടവുനയങ്ങള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.