
തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ആവേശകരമായ മൂന്നാം ദിനത്തിലേക്ക് കടക്കുന്നു. ഇതുവരെ 120 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ കിരീടപ്പോരാട്ടത്തില്‍ കോഴിക്കോടും കണ്ണൂരും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. തൊട്ടുപിന്നില്‍ ആതിഥേയരായ തൃശ്ശൂരും കരുത്ത് കാട്ടുന്നുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം നാടകം ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇന്നലെ രാത്രി വൈകിയാണ് അവസാനിച്ചത്. പ്രധാന വേദിയായ ഒന്നാം വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടിയോടെയാണ് ഇന്നത്തെ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാല്‍ സമ്പന്നമാണ് മൂന്നാം ദിനം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകം, ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യം, പൂരക്കളി, നങ്ങിയാര്‍ കൂത്ത് എന്നിവ കാണികളെ വിസ്മയിപ്പിക്കാന്‍ വേദികളിലെത്തും. ഗോത്ര കലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വേദി മൂന്നില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലപ്പുലയാട്ടമാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. വരും ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തമാകുന്നതോടെ പോയിന്റ് നിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.