മകളുമായുള്ള ബന്ധം ചോദ്യം ചെയ്തു; പാലക്കാട് അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ കൊല്ലപ്പെട്ടു

Jaihind News Bureau
Friday, January 16, 2026

 

പാലക്കാട് മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയില്‍ അയല്‍വാസിയുടെ ക്രൂരമായ വെട്ടേറ്റ് കുടുംബനാഥന്‍ കൊല്ലപ്പെട്ടു. തളികക്കല്ല് ഉന്നതി സ്വദേശി രാജാമണി (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ അയല്‍വാസി രാഹുലിനായി മംഗലംഡാം പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ബന്ധത്തെ രാജാമണി ശക്തമായി എതിര്‍ത്തിരുന്നു. വ്യാഴാഴ്ച രാത്രി വീടിന് സമീപത്ത് വെച്ച് ഇതേച്ചൊല്ലി വീണ്ടും തര്‍ക്കമുണ്ടാവുകയും, പ്രകോപിതനായ രാഹുല്‍ മാരകായുധമായ കൊടുവാള്‍ ഉപയോഗിച്ച് രാജാമണിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജാമണിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.