ശബരിമല സ്വര്‍ണ്ണക്കൊള്ള: ശങ്കരദാസിനെ ആശുപത്രി മാറ്റുന്നതില്‍ തീരുമാനം ഇന്ന്; ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

Jaihind News Bureau
Friday, January 16, 2026

 

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തില്‍ ഇന്ന് നിര്‍ണ്ണായക തീരുമാനമുണ്ടാകും. ജയില്‍ ഡോക്ടര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും ശങ്കരദാസിനെ ജയിലിലേക്കോ അതോ മറ്റൊരു ആശുപത്രിയിലേക്കോ മാറ്റണമെന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. ഇന്നലെ വൈകുന്നേരം കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിനെയും ആശുപത്രിവാസത്തെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മകന്‍ എസ്.പി ആയതുകൊണ്ടാണ് ശങ്കരദാസ് ആശുപത്രിയില്‍ കഴിയുന്നതെന്ന കോടതി പരാമര്‍ശത്തിന് പിന്നാലെയായിരുന്നു കഴിഞ്ഞദിവസം രാത്രി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും. ചോദ്യം ചെയ്യലിനായി കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുനല്‍കുക. 2019-ല്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ബോര്‍ഡിലെ സി.പി.എം പ്രതിനിധിയായിരുന്നു വിജയകുമാര്‍. എല്ലാ തീരുമാനങ്ങളും പത്മകുമാറാണ് എടുത്തിരുന്നതെന്നും മിനിറ്റ്‌സ് തിരുത്തിയത് തന്റെ അറിവോടെയല്ലെന്നുമാണ് വിജയകുമാര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി.

കേസിലെ നിര്‍ണ്ണായക കണ്ണിയായ തന്ത്രി കണ്ഡരര് രാജീവരെയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായുള്ള അപേക്ഷയും അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചേക്കും. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തന്ത്രിയെയും വിജയകുമാറിനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എസ്.ഐ.ടി വിലയിരുത്തുന്നത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരം ശങ്കരദാസിന്റെ ചികിത്സാ രേഖകള്‍ കൂടി ഹാജരാക്കുന്നതോടെ കോടതിയുടെ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടാകും.