‘നുണപ്രചാരണം സി.പി.എമ്മിന്റെ ഗതികേട്’; വ്യാജപ്രചാരണത്തില്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് ഷാനിമോൾ

Jaihind News Bureau
Thursday, January 15, 2026

താൻ കോൺഗ്രസ് വിടുകയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിൽ സി.പി.എം ആണെന്നും ഇതിന് പിന്നിൽ വ്യക്തമായ ദുരുദ്ദേശ്യമുണ്ടെന്നും അവർ ആരോപിച്ചു. വ്യാജ പ്രചാരണം നടത്തിയ ‘കമ്യൂണിസ്റ്റ് കേരളം’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയതായും ഷാനിമോൾ ഉസ്മാൻ അറിയിച്ചു.

പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് താൻ വീട്ടിലായിരുന്ന സമയത്താണ് ഇത്തരമൊരു അപകീർത്തികരമായ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതെന്ന് ഷാനിമോൾ പറഞ്ഞു. തന്നെ വ്യക്തിപരമായി അപമാനിക്കുന്നതാണ് ഈ പോസ്റ്റെന്നും താൻ മരണം വരെ കോൺഗ്രസ് പാർട്ടിയിൽ തന്നെ തുടരുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. സി.പി.എം ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നത് അവരുടെ രാഷ്ട്രീയ ഗതികേടാണെന്നും ഷാനിമോൾ ഉസ്മാൻ രൂക്ഷമായി വിമർശിച്ചു.