ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ: തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ്

Jaihind News Bureau
Thursday, January 15, 2026

 

കൊച്ചി: ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ‘ദൈവനാമത്തില്‍’ എന്ന ഔദ്യോഗിക പദപ്രയോഗത്തിന് പകരം വിവിധ ദൈവങ്ങളുടെ പേരുകള്‍ ഉപയോഗിച്ചതിനെ കോടതി ചോദ്യം ചെയ്തു. നിയമപരമായി നിശ്ചയിച്ചിട്ടുള്ള സത്യപ്രതിജ്ഞാ വാചകങ്ങളില്‍ നിന്ന് ഇത്തരത്തില്‍ മാറ്റം വരുത്താന്‍ എങ്ങനെ സാധിക്കുമെന്ന് കോടതി ആരാഞ്ഞു.

സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കൗണ്‍സിലര്‍മാരുടെ പദവി അനിശ്ചിതത്വത്തിലായിരിക്കും. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്, എന്നാല്‍ അന്തിമ വിധി വരുന്നത് വരെ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനോ ഓണറേറിയം കൈപ്പറ്റുന്നതിനോ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയില്ല. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിക്കാരന്റെ ഇടക്കാല ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

സിപിഎം നേതാവും കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ എസ്.പി. ദീപക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക ഇടപെടല്‍. മുന്‍സിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജി.എസ്. ആശാനാഥ്, ചെമ്പഴത്തി ഉദയന്‍, ആര്‍. സുഗതന്‍ തുടങ്ങിയ പ്രമുഖ കൗണ്‍സിലര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തുടക്കം മുതല്‍ക്കേ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കടകംപള്ളി വാര്‍ഡില്‍ നിന്നുള്ള ജയ രാജീവ് ‘സ്വാമി അയ്യപ്പന്റെ’ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതും ശരണം വിളികളോടെ അവസാനിപ്പിച്ചതും വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ, കരമന അജിത് സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തതും മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ‘വന്ദേമാതരം’ മുഴക്കി വേദി വിട്ടതും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സില്‍ ഹാളില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും സഭയുടെ അന്തസ്സിനെ ബാധിച്ചുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

ഈ വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ നല്‍കുന്ന വിശദീകരണം കൂടി പരിഗണിച്ച ശേഷമായിരിക്കും കോടതി അന്തിമ തീരുമാനമെടുക്കുക. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ടാല്‍ ഈ കൗണ്‍സിലര്‍മാര്‍ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കേണ്ടി വരും.