
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിയുടെ ഔദ്യോഗിക യാത്രകളില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും എസ്‌കോര്‍ട്ട് പോകണമെന്ന് എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിന്റെ വിചിത്ര നിര്‍ദേശം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സേനയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ നിര്‍ദേശം നല്‍കിയത്.
മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രകളിലും എക്‌സൈസ് ഉദ്യോഗസ്ഥരും വാഹനവും അകമ്പടി സേവിക്കണമെന്നാണ് പ്രധാന നിര്‍ദേശം. മന്ത്രി ഹോട്ടലുകളിലോ ഗസ്റ്റ് ഹൗസുകളിലോ താമസിക്കുമ്പോഴും ഉദ്യോഗസ്ഥരും വാഹനവും അവിടെ ക്യാമ്പ് ചെയ്യണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. നിലവില്‍ പൊലീസ് നല്‍കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെയാണിത്.
എന്‍ഫോഴ്‌സ്മെന്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പരിമിതമായ വാഹനങ്ങള്‍ പൈലറ്റ് ഡ്യൂട്ടിക്കായി മാറ്റുന്നത് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെടുന്നു. റെയ്ഡുകള്‍ക്കും പരിശോധനകള്‍ക്കുമായി ഉപയോഗിക്കേണ്ട വാഹനം മന്ത്രിയുടെ എസ്‌കോര്‍ട്ടിനായി പോകുന്നതോടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ തടസ്സമുണ്ടാകുമെന്നാണ് ഉയരുന്ന പരാതി.
മറ്റൊരു വിചിത്ര നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു വന്നു. എക്‌സൈസ് ഓഫീസുകള്‍ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ ഫണ്ട് കണ്ടെത്തണമെന്നാണ് കമ്മീഷണര്‍ അറിയിച്ചത്. സര്‍ക്കാര്‍ ഫണ്ടിനായി കാത്തുനില്‍ക്കാതെ പ്രാദേശികമായി പണം കണ്ടെത്തണമെന്ന നിര്‍ദേശം താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.