
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ 11-ാം പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ.പി. ശങ്കര്‍ദാസിന്റെ റിമാന്‍ഡ് നടപടികള്‍ ഇന്ന് നടക്കും. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ കാണാന്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി നേരിട്ടെത്തിയാകും നടപടികള്‍ പൂര്‍ത്തിയാക്കുക. റിമാന്‍ഡ് ചെയ്ത ശേഷം ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും.
അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയിലെത്തി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി ചികിത്സയിലായതിനാല്‍ പ്രോസിക്യൂട്ടര്‍ മുഖേന അറസ്റ്റ് വിവരം ഇന്നലെ തന്നെ കോടതിയെ അറിയിച്ചിരുന്നു. മാസങ്ങളായി പ്രതിചേര്‍ക്കപ്പെട്ട ശങ്കരദാസിന്റെ അറസ്റ്റ് വൈകിയതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനെയും അന്വേഷണ സംഘത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
ജ്വല്ലറി വ്യാപാരി ഗോവര്ദ്ധന് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് ബദ്റുദ്ദീന്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. പ്രതിചേര്‍ക്കപ്പെട്ട അന്ന് മുതല്‍ ഒരാള്‍ ആശുപത്രിയില്‍ കഴിയുകയാണെന്നും, ഇയാളുടെ മകന് പോലീസ് സേനയില്‍ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാലാണോ അറസ്റ്റ് വൈകുന്നതെന്നും കോടതി ചോദിച്ചിരുന്നു. കോടതിയുടെ ഈ ശക്തമായ ഇടപെടലിന് തൊട്ടുപിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് ശങ്കരദാസിനെതിരെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്.