കേരളത്തിലെ എസ്.ഐ.ആര്‍ നടപടി: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; സ്റ്റേ വേണമെന്ന് സര്‍ക്കാര്‍, തടയരുതെന്ന് കമ്മീഷന്‍

Jaihind News Bureau
Thursday, January 15, 2026

ന്യൂഡല്‍ഹി: കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പുറമെ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, എന്നിവരും നടപടിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.

എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ആവശ്യം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സി പി എമ്മിന് വേണ്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, എന്നിവരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നടപടിക്രമങ്ങളിലെ അപാകതകളും ജനങ്ങള്‍ക്കിടയിലുള്ള ആശങ്കയുമാണ് ഹര്‍ജിക്കാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയതായാണ് വിവരം.

അതേസമയം, എസ്.ഐ.ആര്‍ നടപടികളില്‍ കോടതി ഇടപെടരുതെന്ന കര്‍ശന നിലപാടിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണെന്നും ഒരു കാരണവശാലും ഇത് നീട്ടിവെക്കരുതെന്നും കമ്മീഷന്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയ്ക്ക് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണെന്നാണ് കമ്മീഷന്റെ വാദം.

ഹര്‍ജികളില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അതീവ നിര്‍ണ്ണായകമാണ്. കോടതി നടപടികള്‍ സ്റ്റേ ചെയ്യുമോ അതോ കമ്മീഷന്റെ വാദം അംഗീകരിച്ച് മുന്നോട്ട് പോകാന്‍ അനുമതി നല്‍കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.