
ഹ്യൂസ്റ്റണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കി നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.50-ഓടെയാണ് ബഹിരാകാശ നിലയത്തില്‍ നിന്നും സംഘം സഞ്ചരിച്ചിരുന്ന ‘എന്‍ഡവര്‍’ പേടകം വിജയകരമായി വേര്‍പെട്ടത്. ഓസ്ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അതീവ ജാഗ്രത വേണ്ട അണ്‍ഡോക്കിങ് പ്രക്രിയ പൂര്‍ത്തിയായതെന്ന് നാസ അറിയിച്ചു. പത്തര മണിക്കൂര്‍ നീളുന്ന യാത്രയ്‌ക്കൊടുവില്‍ ഇന്ന് ഉച്ചയ്ക്ക് 2.11-ഓടെ കാലിഫോര്‍ണിയയിലെ പസഫിക് തീരത്ത് പേടകം സമുദ്രത്തിലിറങ്ങും.
വരുന്ന ഫെബ്രുവരിയില്‍ മടങ്ങാന്‍ നിശ്ചയിച്ചിരുന്ന സംഘം നിശ്ചയിച്ചതിലും നേരത്തെയാണ് ഭൂമിയിലേക്ക് തിരിക്കുന്നത്. യാത്രികരില്‍ ഒരാള്‍ക്ക് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ദൗത്യം നേരത്തെ അവസാനിപ്പിക്കാന്‍ നാസ തീരുമാനിച്ചത്. ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറായ ഇന്ത്യന്‍ വംശജന്‍ റോണക് ദാവെയാണ് മടക്കയാത്രയ്ക്ക് ആവശ്യമായ ഗ്രൗണ്ട് കണ്‍ട്രോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. പേടകം വേര്‍പെടുന്നതില്‍ യാതൊരുവിധ സാങ്കേതിക തടസ്സങ്ങളും ഉണ്ടായിട്ടില്ലെന്ന് നാസയും സ്പേസ് എക്സും സ്ഥിരീകരിച്ചിട്ടുണ്ട്.
നാസയുടെ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിന്‍കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് മടക്കയാത്രയിലുള്ള നാലംഗ സംഘത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് രണ്ടിനാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. ഏകദേശം 165 ദിവസത്തോളം നിലയത്തില്‍ ചെലവഴിച്ച ശേഷമാണ് ഇവരുടെ മടക്കം. ബഹിരാകാശ നിലയത്തിലെ പരീക്ഷണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും നേതൃത്വം നല്‍കിയ ശേഷമാണ് സംഘം ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. നിലവില്‍ പസഫിക് തീരത്ത് പേടകത്തെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നാസയുടെ റിക്കവറി ടീം പൂര്‍ത്തിയാക്കിയിട്ടുണ്ട്.