
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്കും പരോള്‍ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി പിതാംബരന്, അഞ്ചാം പ്രതി ഗിജിന്‍ എന്നിവര്‍ക്കാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നിലനില്‍ക്കെയാണ് ജയില്‍ അധികൃതരുടെ പുതിയ നടപടി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഇരുവരും ചട്ടപ്രകാരമാണ് പരോളിന് അപേക്ഷിച്ചതെന്നും അത് അനുവദിക്കുകയായിരുന്നു എന്നുമാണ് ജയില്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകരിലൊരാളായാണ് പിതാംബരനെ സി.ബി.ഐ കണ്ടെത്തിയിരുന്നത്.
ടി.പി. വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ അനുവദിക്കുന്നത് തടവുകാരുടെ സ്വാഭാവിക അവകാശമല്ലെന്നും അത് സര്‍ക്കാരിന്റെ പ്രീണനമാണെന്നും നിരീക്ഷിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചിരുന്നു. ഈ വിവാദം രാഷ്ട്രീയമായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെയാണ് സമാനമായ മറ്റൊരു രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ കൂടി പരോളിലിറങ്ങുന്നത്.