മാറ്റത്തിന്റെ മഹായാത്ര; 14 ജില്ലകൾ കടന്ന് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് ജാഥ വരുന്നു

Jaihind News Bureau
Wednesday, January 14, 2026

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളത്തെ ഇളക്കിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി ആറിന് കാസർഗോഡ് കുമ്പളയിൽ നിന്ന് പ്രയാണം ആരംഭിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ഈ ബൃഹത്തായ പര്യടനം ഒരു മാസം നീണ്ടുനിൽക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച ആരംഭിക്കുന്ന ജാഥയുടെ സമാപനം മാർച്ച് 6-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും.

കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി ഏഴിന് കണ്ണൂരിലും 10-ന് വയനാട്ടിലും പര്യടനം നടത്തും. ഫെബ്രുവരി 11-ന് കോഴിക്കോട് എത്തുന്ന ജാഥ 13-ന് മലപ്പുറത്തും 16-ന് പാലക്കാട്ടും വൻ ജനകീയ പങ്കാളിത്തത്തോടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും. ഫെബ്രുവരി 18-ന് തൃശൂരിലെ പര്യടനം പൂർത്തിയാക്കി 20-ന് എറണാകുളം ജില്ലയിൽ പ്രവേശിക്കുന്ന ജാഥയ്ക്ക് അവിടെ രണ്ട് ദിവസത്തെ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

തുടർന്ന് ഫെബ്രുവരി 23-ന് ഇടുക്കി, 25-ന് കോട്ടയം, 26-ന് ആലപ്പുഴ, 27-ന് പത്തനംതിട്ട, 28-ന് കൊല്ലം എന്നിങ്ങനെ ദക്ഷിണ കേരളത്തിലെ വിവിധ ജില്ലകളിലൂടെ ജാഥ പ്രയാണം തുടരും. മാർച്ച് നാലിന് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കുന്ന ജാഥ, വിവിധ മണ്ഡലങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം മാർച്ച് ആറിന് പുത്തരിക്കണ്ടം മൈതാനിയിലെ മഹാസമ്മേളനത്തോടെ ഔദ്യോഗികമായി സമാപിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായക ചലനങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ ഈ പര്യടനം.