
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രചാരണ ബോർഡുകളിൽ നിന്ന് പ്രതിപക്ഷ നേതാവിനെയും നഗരസഭാ മേയറെയും ഒഴിവാക്കിയത് തൃശൂരിൽ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളിലും വേദികളിലെ കമാനങ്ങളിലും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ചിത്രങ്ങൾ പ്രാധാന്യത്തോടെ നൽകിയിട്ടുണ്ടെങ്കിലും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൃശൂർ മേയർ നിജി ജസ്റ്റിൻ എന്നിവരുടെ ചിത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം ബോർഡുകളിൽ ഇടംപിടിക്കുകയും ചെയ്തു.
ജില്ലയിലെ പ്രഥമ പൗരയായ മേയറെയും ഭരണഘടനാ പദവി വഹിക്കുന്ന പ്രതിപക്ഷ നേതാവിനെയും തഴഞ്ഞത് രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സാധാരണയായി കലോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കുമ്പോൾ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യുക എന്നതാണ് നിലവിലുള്ള കീഴ്വഴക്കം. ഇത്തവണയും സമാപന സമ്മേളനം വി.ഡി. സതീശൻ തന്നെ നിർവ്വഹിക്കാനിരിക്കെ, അദ്ദേഹത്തിന്റെ ചിത്രം ബോർഡുകളിൽ നിന്ന് അപ്രത്യക്ഷമായത് ബോധപൂർവമായ നീക്കമാണെന്നാണ് ഉയരുന്ന വിമർശനം.
എന്നാൽ, ഈ വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരെയും മനപ്പൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. രാജനും പ്രതികരിച്ചു. സാങ്കേതികമായ കാരണങ്ങളാലാകാം ചിത്രങ്ങൾ വരാതിരുന്നതെന്ന വിശദീകരണമാണ് സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കലോത്സവം വിവാദങ്ങളിൽ നിന്നും മുക്തമായിരിക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്ന മന്ത്രിമാർ തന്നെ ഇത്തരം നീക്കങ്ങളിലൂടെ ആദ്യ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.