ജോസിനെ തളയ്ക്കാന്‍ ‘മാണി സ്മാരകം’; മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെ നിര്‍ണായക നീക്കവുമായി പിണറായി സര്‍ക്കാര്‍

Jaihind News Bureau
Wednesday, January 14, 2026

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, രാഷ്ട്രീയ നിലനില്‍പ്പിനായി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ നീക്കം. മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ അനുനയിപ്പിക്കാന്‍ കെ.എം. മാണി സ്മാരകത്തിന് ഭൂമി അനുവദിച്ച് ഉത്തരവിറക്കി. കവടിയാറില്‍ 25 സെന്റ് ഭൂമിയാണ് ‘കെ.എം. മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്’ വേണ്ടി സര്‍ക്കാര്‍ നല്‍കിയത്.

020-21 ബജറ്റില്‍ തോമസ് ഐസക് പ്രഖ്യാപിച്ച 5 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ആറ് വര്‍ഷമായി ഫയലില്‍ ഉറങ്ങുകയായിരുന്നു. സ്വന്തം നേതാവിന് ഒരു സ്മാരകം പോലുമില്ലാത്തതില്‍ കേരള കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം പുകയുന്നതിനിടെയാണ് ഈ തിടുക്കത്തിലുള്ള തീരുമാനം. പാലായില്‍ സ്മാരകം നിര്‍മ്മിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ പാലായെ തഴഞ്ഞ് തിരുവനന്തപുരത്ത് ഭൂമി അനുവദിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്.

ജോസ് കെ മാണി യു.ഡി.എഫിലേക്ക് മടങ്ങാന്‍ ചര്‍ച്ചകള്‍ നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇടത് മുന്നണിയിലെ മൂന്നാം കക്ഷിയെ എങ്ങനെയെങ്കിലും പിടിച്ചുനിര്‍ത്താനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
രാഷ്ട്രീയ ബാലന്‍സിംഗിനായി അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മാരകത്തിനും ഭൂമി അനുവദിച്ചു. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കര്‍ ഭൂമിയാണ് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നത്.

അഞ്ചു വര്‍ഷം ഭരണമുണ്ടായിട്ടും തിരിഞ്ഞുനോക്കാത്ത സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രം മാണി സാറിനെ ഓര്‍ക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. അണികളുടെ വിമര്‍ശനത്തില്‍ നിന്നും മുന്നണി മാറ്റ ചര്‍ച്ചകളില്‍ നിന്നും ജോസ് കെ മാണിയെ രക്ഷിക്കാനുള്ള ഒരു ‘സേഫ് എക്‌സിറ്റ്’ മാത്രമാണ് ഈ ഭൂമി അനുവദിക്കല്‍. എന്നാല്‍ പാലാ വിട്ടൊരു സ്മാരകം മാണി സാറിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ അപമാനിക്കുന്നതാണെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമാണ്.