
തൃശ്ശൂര്‍: തൃശ്ശൂരില്‍ കൗമാര കലയുടെ മഹോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് 64-ാമത് കേരള സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. രാജന് സ്വാഗതപ്രസംഗം നടത്തി. മന്ത്രി വി. ശിവന്‍കുട്ടി, സര്‍വംമായ സിനിമയിലെ നായിക റിയ ഷിബു എന്നിവരും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ പതാക ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കല ആനന്ദം സൃഷ്ടിക്കുന്നതിനായി മാത്രം ഉള്ളതല്ലെന്നും മനുഷ്യനെ പൊള്ളുന്ന ജീവിതാനുഭവങ്ങളിലേക്ക് ഉണര്‍ത്തുന്ന ശക്തിയും അതിനുണ്ടാകണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിവിധ കാലഘട്ടങ്ങളില്‍ മികച്ച കലാകാരന്മാരായിരുന്നിട്ടും ജാതീയ വിലക്കുകള്‍ നേരിട്ടവര്‍ ഉണ്ടായിരുന്നുവെന്നും കഥകളി സംഗീതജ്ഞന് ഹൈദരാലി അനുഭവിച്ച സാഹചര്യങ്ങള്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്വന്തം മതത്തില്‍ ജനിച്ചില്ലെന്ന കാരണത്താല്‍ കലാകാരന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കലാകാരനെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. കലയാണ് അവരുടെ മതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിനിമയില്‍ ഏറ്റവും കൂടുതല്‍ മാപ്പിളപ്പാട്ടുകള്‍ അവതരിപ്പിച്ചത് പി. ഭാസ്കരനും ക്രൈസ്തവ ഭക്തിഗാനങ്ങള്‍ എഴുതിയത് വയലാറുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്മസ് കരോളുകള്‍ക്ക് എതിരായ ആക്രമണങ്ങളും ചില ഇടങ്ങളില്‍ അവധികള്‍ പോലും എടുത്തുകളഞ്ഞ സംഭവങ്ങളും ഉണ്ടായി. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് രാമന്, സീത എന്നീ പേരുകള്‍ നല്‍കിയതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി മുഖ്യമന്ത്രി പറഞ്ഞു. വിവിധ മതങ്ങളുടെ കലാരൂപങ്ങള്‍ ഒരേ വേദിയില്‍ അവതരിപ്പിക്കുന്ന പ്രത്യേകത ഈ നാടിനുണ്ടെന്നും മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വിഭജന ആശയങ്ങളെ തള്ളിക്കളയണമെന്നും കല എല്ലാവരെയും ഒരുമിപ്പിക്കുന്ന ശക്തിയായി നിലനില്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
മത്സരം ആരുടെയും ജീവിതത്തിന്റെ അന്തിമ മാനദണ്ഡമല്ലെന്നും പ്രകടമായ ക്രമക്കേടുകള്‍ ഉണ്ടായാല്‍ അപ്പീല്‍ വഴിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മത്സരിക്കുന്നത് കുട്ടികളാണെന്നും രക്ഷിതാക്കളല്ലെന്നും ജൂറിയുടെ തീരുമാനത്തെ മാനിക്കണമെന്നും ഒരാള്‍ക്ക് മികച്ചതായി തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങനെ തോന്നണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. C