
തൃശ്ശൂര്‍: കലോത്സവ ലഹരിയില്‍ ആറാടുന്ന സാംസ്‌കാരിക നഗരിയില്‍ തിരക്കുകള്‍ക്കിടയിലും തൃശ്ശൂര്‍ മേയര്‍ നിജി ജസ്റ്റിന് പങ്കുവെക്കാന്‍ ഓര്‍മ്മകളുടെ ഒരു വലിയ വസന്തമുണ്ട്. ഇന്ന് പതിനായിരക്കണക്കിന് പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വേദികള്‍ ഒരുക്കുന്ന തിരക്കിലാണെങ്കിലും, ഒരുകാലത്ത് ഇതേ വേദികളില്‍ മികച്ച നടിയായി തിളങ്ങിയ ചരിത്രമാണ് മേയറുടേത്.
88-89 കാലഘട്ടത്തിലെ കലോത്സവ സ്മരണകള്‍ ഇന്നും മേയറുടെ വാക്കുകളില്‍ ആവേശം നിറയ്ക്കുന്നു. സ്‌കൂള്‍ തലത്തില്‍ പ്രസംഗം, പ്രച്ഛന്നവേഷം, തിരുവാതിര, നാടകം എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ നിജി സജീവമായിരുന്നു. എന്നാല്‍ തന്നിലെ യഥാര്‍ത്ഥ നടിയെ തിരിച്ചറിഞ്ഞത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പഠനകാലത്താണെന്ന് മേയര്‍ ജയ്ഹിന്ദ് ടിവിയോട് പറഞ്ഞു.
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകര്‍ മെഡിക്കല്‍ കോളേജിലെത്തിയാണ് നിജിയെ നാടകത്തിലേക്ക് തിരഞ്ഞെടുത്തത്. അന്ന് അഞ്ച് ബാച്ചുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിക്കുള്ള പുരസ്‌കാരവും നിജി ജസ്റ്റിന്‍ സ്വന്തമാക്കി. ആ പ്രകടനം അവരെ തിരുവനന്തപുരത്ത് നടന്ന ഇന്റര്‍ മെഡിക്കല്‍ യൂത്ത് ഫെസ്റ്റിവലിലെത്തിച്ചു. അവിടെയും നാടകത്തില്‍ ഒന്നാം സ്ഥാനവും മികച്ച നടിയായി നിജി ജസ്റ്റിനും അംഗീകരിക്കപ്പെട്ടു. പതിറ്റാണ്ടുകള്‍ക്കിപ്പുറവും അന്നത്തെ നാടകത്തിലെ സംഭാഷണങ്ങള്‍ ഒട്ടും ഇടര്‍ച്ചയില്ലാതെ മേയര്‍ ഓര്‍ത്തെടുക്കുന്നു.
കലയോടൊപ്പം തന്നെ കോളേജ് കാലഘട്ടത്തില്‍ രൂപപ്പെട്ട സമരവീര്യത്തെക്കുറിച്ചും നിജി ജസ്റ്റിന്‍ മനസ്സ് തുറന്നു. അന്നത്തെ വിദ്യാര്‍ത്ഥി സമരങ്ങളും പോരാട്ടങ്ങളും ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള തന്റെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നതായി അവര്‍ ഓര്‍ക്കുന്നു.
പൂരനഗരിയിലെ ‘സംഘാടന’ മികവ്
മേയറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കലോത്സവത്തെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തൃശ്ശൂരിന്റെ ജനകീയ മേയര്‍ വരവേല്‍ക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും, കേരളത്തിന് ഏറ്റവും മികച്ച കലോത്സവ അനുഭവം സമ്മാനിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു. ഇതിനായി ഓരോ വേദികളിലുമെത്തി നേരിട്ട് സംഘാടന മികവ് വിലയിരുത്തിക്കൊണ്ട് തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് നീങ്ങുകയാണ് നിജി ജസ്റ്റിന്‍.