ബംഗാളില്‍ നിപ ഭീതി; 2 നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത

Jaihind News Bureau
Wednesday, January 14, 2026

പശ്ചിമ ബംഗാളില്‍ രണ്ട് നഴ്സുമാര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ബാരാസത്തിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരുടെയും സാമ്പിളുകള്‍ പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പുനര്‍പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ഇരുവരും വെന്റിലേറ്റര്‍ സഹായത്തോടെ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇതില്‍ ഒരാള്‍ കോമ അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്ന ബര്‍ദ്വാനിലെ ഒരു ഡോക്ടറെ പനി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

രോഗം പടരുന്നത് തടയാനായി ആരോഗ്യവകുപ്പ് വിപുലമായ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. നഴ്സുമാരുടെ കുടുംബാംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ 120-ലധികം പേരെ ഇതുവരെ തിരിച്ചറിയുകയും അവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എയിംസ് കല്യാണിയിലേക്ക് അയച്ചിരിക്കുകയാണ്. കത്വ, ബര്‍ദ്വാന്‍ ജില്ലകളിലെ ആശുപത്രികളില്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

രോഗബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ബാരാസത്തിലെ ഒരു ആശുപത്രിയില്‍ നിപ സമാനമായ ലക്ഷണങ്ങളോടെ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. അവിടെ നിന്നാണോ നഴ്സുമാര്‍ക്ക് രോഗം പടര്‍ന്നതെന്ന് പരിശോധിക്കുന്നുണ്ട്. അതോടൊപ്പം, ഫലഭുക്കുകളായ വവ്വാലുകള്‍ കടിച്ച പഴങ്ങളിലൂടെയോ മറ്റോ ആണോ വൈറസ് എത്തിയതെന്നും അന്വേഷിക്കുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.