
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കര്‍ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ശങ്കര്‍ദാസിന്റെ ആവശ്യം.
ശങ്കര്‍ദാസ് അബോധാവസ്ഥയില്‍ ആശുപത്രിയിലാണെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിന്റെ തെളിവായി ചികിത്സയില്‍ കഴിയുന്ന ചിത്രങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശങ്കര്‍ദാസിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടിട്ടും ശങ്കര്‍ദാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസ്, ദ്വാരപാലക കേസ് എന്നിവയുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷകളിലാണ് വിധി വരാനിരിക്കുന്നത്.