മുണ്ടക്കൈ പുനരധിവാസം: ആദ്യഘട്ട ഭൂമി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ്; കുന്നമ്പറ്റയില്‍ നൂറ് വീടുകള്‍ ഉയരും

Jaihind News Bureau
Wednesday, January 14, 2026

 

 

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ഭൂമി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ആദ്യഘട്ട നിര്‍മ്മാണത്തിനായി മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിലാണ് ഭൂമി വാങ്ങിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയുടെ പേരിലാണ് 3.24 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത്. തടസ്സങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പദ്ധതികള്‍ കൃത്യസമയത്ത് തന്നെ നടപ്പിലാക്കുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അറിയിച്ചു.

ദുരന്തബാധിതര്‍ക്കായി ആകെ നൂറ് വീടുകളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതിനാല്‍ മൂന്ന് ഘട്ടങ്ങളിലായാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ കുന്നമ്പറ്റയില്‍ ഭൂമി ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ തന്നെ ഇവിടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വഞ്ചന കാണിക്കുകയാണെന്ന് ആരോപിച്ച് സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് അനുയോജ്യമായ സ്ഥലം കണ്ടെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിരിക്കുന്നത്. പദ്ധതിയിലേക്കുള്ള ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും, അര്‍ഹരായ മുഴുവന്‍ ദുരിതബാധിതരെയും ഉള്‍പ്പെടുത്തി സുതാര്യമായ രീതിയില്‍ വീടുകള്‍ കൈമാറുമെന്നും നേതൃത്വം വ്യക്തമാക്കി.