
തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത തകര്‍ക്കുന്ന മോദി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ചും, തൊഴില്‍ അവകാശം സംരക്ഷിക്കുന്ന രീതിയില്‍ നിയമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും. ലോക്ഭവന് മുന്നില്‍ ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിഷേധം 24 മണിക്കൂര്‍ പിന്നിട്ട് ഇന്ന് രാവിലെ 10 മണിയോടെയാണ് അവസാനിക്കുക.
ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. എ.ഐ.സി.സി., കെ.പി.സി.സി. തലത്തിലുള്ള പ്രമുഖ നേതാക്കളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്നിഹിതരാകും.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപ്പിലാക്കിയ ഭേദഗതികള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പഴയ രീതിയിലുള്ള തൊഴില്‍ സുരക്ഷയും വേതന വ്യവസ്ഥകളും തിരികെ കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തൊഴിലുറപ്പ് തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും വന്‍ പിന്തുണയോടെയാണ് തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസ് ഈ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.