
പൂരനഗരിയില്‍ ഇനി കലോത്സവപ്പൂരം. കൗമാര കലയുടെ കനകകിരീടം തൃശൂരിലെത്തി. സ്വര്‍ണ്ണക്കപ്പ് പ്രയാണത്തിന് ജില്ലയുടെ അതിര്‍ത്തിയായ ചാലക്കുടിയില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഘോഷയാത്ര വൈകുന്നേരം തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിയില്‍ സമാപിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയ്ക്ക് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ, കേരളം കാത്തിരുന്ന ആ കനകകിരീടം സാംസ്കാരിക തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. 64-ാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ ആവേശമുയര്‍ത്തിക്കൊണ്ട് സ്വര്‍ണ്ണക്കപ്പ് തൃശൂര്‍ നഗരത്തില്‍ പ്രവേശിച്ചു. കാസര്‍കോട് നിന്ന് ആരംഭിച്ച സ്വര്‍ണ്ണക്കപ്പ് പ്രയാണത്തിന് ജില്ലയുടെ അതിര്‍ത്തിയായ ചാലക്കുടിയില്‍ വെച്ച് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇന്ന് രാവിലെ വടക്കാഞ്ചേരിയില്‍ നിന്നാരംഭിച്ച ഘോഷയാത്ര വൈകുന്നേരത്തോടെ തൃശൂര്‍ നഗരത്തെ ആവേശത്തിലാഴ്ത്തി തേക്കിന്‍കാട് മൈതാനിയിലെ പ്രധാനവേദിയിലെത്തി. മന്ത്രിമാര്‍, മറ്റ് ഇതുപ്രതിനിധികള് ഉള്‍പ്പെടെയുവര്‍ കപ്പിന് അകമ്പടിസേവിച്ചു. മത്സരങ്ങള്‍ തുടങ്ങും വരെ കപ്പ് ഇനി ജില്ലാ ട്രഷറിയിലെ സുരക്ഷിത കേന്ദ്രത്തില്‍ വിശ്രമിക്കും.
117.5 പവന് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഈ മനോഹര ശില്പം വെറുമൊരു ട്രോഫിയല്ല, കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വപ്നമാണ്. പ്രശസ്ത ശില്പി ചിറയിന്‍കീഴ് ശ്രീകണ്ഠന് നായര്‍ രൂപകല്‍പ്പന ചെയ്ത ഈ സ്വര്‍ണ്ണക്കപ്പ്, 1987 മുതലാണ് കലോത്സവ വിജയികള്‍ക്ക് നല്കിത്തുടങ്ങിയത്.
കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ തൃശൂര്‍, സ്വന്തം മണ്ണില്‍ കിരീടം നിലനിര്‍ത്താമെന്ന ഉറച്ച വിശ്വാസത്തിലാണ്. എന്നാല്‍ 21 തവണ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട കോഴിക്കോടും, ശക്തരായ പാലക്കാടും കണ്ണൂരും കടുത്ത വെല്ലുവിളിയാകും ഇത്തവണ ഉയര്‍ത്തുക.
നാളെ രാവിലെ 9 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേളയ്ക്ക് തിരിതെളിക്കും. പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെ 25 വേദികള്‍. 249 ഇനങ്ങളിലായി മാറ്റുരയ്ക്കാന്‍ എത്തുന്നത് പതിനയ്യായിരത്തോളം പ്രതിഭകള്‍. ജനുവരി 18-ന് നടക്കുന്ന സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വിഡി സതീശന് ഉദ്ഘാടനം ചെയ്യും. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന ഈ ‘കലാപൂരത്തിന്’ സാക്ഷ്യം വഹിക്കാന്‍ തൃശൂര്‍ നഗരം പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. ഇനി കാത്തിരിപ്പാണ്, കേരളത്തിന്റെ കൗമാര പ്രതിഭകള്‍ പൂരനഗരിയില്‍ വിസ്മയം തീര്‍ക്കുന്ന ആ നിമിഷങ്ങള്‍ക്കായി.