
കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കവുമായി കൊട്ടാരക്കര മുന്‍ എംഎല്‍എ ഐഷാ പോറ്റി സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട ഇടത് ബന്ധം അവസാനിപ്പിച്ചാണ് ഐഷാ പോറ്റി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം ലോക്ഭവന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന രാപ്പകല്‍ സമരപ്പന്തലിലെത്തിയാണ് അവര്‍ ഔദ്യോഗികമായി പാര്‍ട്ടി പ്രവേശനം നടത്തിയത്.
അപ്രതീക്ഷിതമായിരുന്നു ഈ നീക്കം. വിസ്മയയിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടാകുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനു പിന്നാലെയായിരുന്നു മുന്‍ സിപിഎം നേതാവ് വേദിയിലെത്തിയത്. സമരവേദിയിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫില്‍ നിന്ന് അവര്‍ പാര്‍ട്ടി അംഗത്വം ഏറ്റുവാങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം വി.ഡി. സതീശനുമായി നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ച അന്തിമ ധാരണയിലെത്തിയത്.
മുന്‍പ് പ്രവര്‍ത്തിച്ച ഇടതു പ്രസ്ഥാനത്തില്‍ നിന്ന് വലിയ മാനസിക വിഷമങ്ങള്‍ നേരിടേണ്ടി വന്നതായി ഐഷാ പോറ്റി വെളിപ്പെടുത്തി. അധികാരമോഹിയല്ല, എന്നാല്‍ മനുഷ്യപക്ഷത്ത് നിന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ മ്ലേച്ഛമായ സൈബര്‍ ആക്രമണങ്ങളും ‘വര്‍ഗ്ഗവഞ്ചക’ എന്ന വിളികളും പ്രതീക്ഷിക്കുന്നുണ്ടെന്നും അവ അവഗണിക്കുന്നതായും ഐഷ പറഞ്ഞു. ആര്. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചുകൊണ്ട് നിയമസഭയിലെത്തിയ ഐഷാ പോറ്റി കൊട്ടാരക്കരയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നിഷേധിക്കുകയും, പിന്നീട് കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടിയുമായി അകന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലേക്ക് കൂടുതല്‍ പേര് എത്തുന്നത് ശുഭസൂചകമാണെന്ന് കെ.സി. വേണുഗോപാലും വി.ഡി. സതീശനും പ്രതികരിച്ചു.