
ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പേരും ചിത്രവും ‘ഉലകനായകന്‍’ എന്ന വിശേഷണവും അദ്ദേഹത്തിന്റെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനം തന്റെ പേരും ചിത്രവും ഉപയോഗിച്ച് വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനെതിരെ കമല്‍ഹാസന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.
ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയുടേതാണ് ഉത്തരവ്. വ്യക്തിമുദ്രകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, പരാതിയില്‍ മറുപടി നല്‍കാന്‍ ബന്ധപ്പെട്ട കമ്പനിയോട് നിര്‍ദേശിച്ചു. എന്നാല്‍, കാര്‍ട്ടൂണുകളില്‍ അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. തന്റെ അനുവാദമില്ലാതെ ഇത്തരം അടയാളങ്ങള്‍ ആരും ഉപയോഗിക്കരുതെന്ന് തമിഴ്, ഇംഗ്ലീഷ് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ കമല്‍ഹാസനോട് കോടതി ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും.