കേരളാ വി.സിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; മുന്‍ രജിസ്ട്രാര്‍ക്കെതിരായ കുറ്റാരോപണ നോട്ടീസ് സ്റ്റേ ചെയ്തു

Jaihind News Bureau
Monday, January 12, 2026

 

കേരളാ സര്‍വ്വകലാശാലയിലെ വി.സിയും മുന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറും തമ്മിലുള്ള നിയമപോരാട്ടത്തില്‍ വി.സിക്ക് തിരിച്ചടി. അനില്‍കുമാറിന് വി.സി നല്‍കിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേല്‍ തുടര്‍നടപടികള്‍ പാടില്ലെന്ന് ജസ്റ്റിസ് ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

രജിസ്ട്രാര്‍ പദവിയില്‍ നിന്ന് മാറുന്നതിന് മുന്‍പ്, സസ്‌പെന്‍ഷന്‍ കാലയളവില്‍ ഫയലുകള്‍ കൈകാര്യം ചെയ്തു എന്നാരോപിച്ചാണ് സര്‍വ്വകലാശാല ചട്ടം 10/13 പ്രകാരം വി.സി അനില്‍കുമാറിന് നോട്ടീസ് അയച്ചത്. എന്നാല്‍ ഇത്തരമൊരു നോട്ടീസ് നല്‍കാന്‍ വി.സിക്ക് അധികാരമുണ്ടോ എന്ന് വിശദീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ ‘ഭാരതാംബ’ വിവാദത്തെത്തുടര്‍ന്നാണ് വി.സിയും രജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ഇതിനെത്തുടര്‍ന്ന് അനില്‍കുമാറിനെ വി.സി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗവര്‍ണര്‍ ഈ നടപടിയെ ശരിവെച്ചെങ്കിലും അനില്‍കുമാര്‍ നിയമപോരാട്ടം തുടരുകയായിരുന്നു. ഇതിനിടെ അനില്‍കുമാറിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ അദ്ദേഹത്തെ ശാസ്താംകോട്ട ഡി.ബി കോളേജ് പ്രിന്‍സിപ്പാളായി നിയമിച്ചിരുന്നു. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന അനില്‍കുമാറിന്റെ ഹര്‍ജി നിലനില്‍ക്കെയാണ് പുതിയ നോട്ടീസിനും കോടതി സ്റ്റേ നല്‍കിയിരിക്കുന്നത്.