
ന്യൂഡല്‍ഹി: കേരളത്തിന് അനുവദിക്കുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആലപ്പുഴ വഴി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കി. തീരദേശ പാതയായ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയാണ് എം.പി. നിവേദനം സമര്‍പ്പിച്ചത്.
ആലപ്പുഴ വഴി വന്ദേഭാരത് സ്ലീപ്പര്‍ അനുവദിക്കുന്നത് ആലപ്പുഴയ്ക്ക് പുറമെ കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്കും വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്ര സുഗമമാക്കുന്നതിനും നിലവിലെ തിരക്ക് കുറയ്ക്കുന്നതിനും ഈ നീക്കം സഹായിക്കും.
നിലവില്‍ ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ ഓവര്‍ബുക്കിംഗ് കാരണം ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം പതിവാണ്. വിദ്യാര്‍ത്ഥികളും വിവിധ തൊഴില്‍ മേഖലകളിലുള്ളവരും പ്രധാനമായും ആശ്രയിക്കുന്ന ഈ പാത വരുമാനത്തിന്റെ കാര്യത്തിലും മുന്നിലാണ്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്തത് വലിയ യാത്രാക്ലേശമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന സ്ലീപ്പര്‍ വന്ദേഭാരത് ആലപ്പുഴ വഴി ഓടിക്കുന്നത് ജനങ്ങള്‍ക്ക് വലിയ ഉപകാരമാകുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.