
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) സമർപ്പിച്ച നിർണ്ണായക റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും. പദ്മകുമാറിന്റെ ജാമ്യ കാര്യത്തിൽ കോടതിയുടെ ഇന്നത്തെ നിലപാട് ഏറെ നിർണ്ണായകമാണ്.
ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക മിനുട്സിൽ പദ്മകുമാർ മനഃപൂർവ്വം തിരുത്തലുകൾ വരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തൽ. കട്ടിളപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്. തന്ത്രിയുടെ പേരിൽ വ്യാജ വാദങ്ങൾ ഉന്നയിച്ച് സ്വർണ്ണ ഇടപാടിൽ കൃത്രിമം കാട്ടിയെന്നാണ് പദ്മകുമാറിനെതിരെയുള്ള ആരോപണം.