
തിരഞ്ഞെടുപ്പ് കാലത്തെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളെ ചോദ്യം ചെയ്ത് സ്വതന്ത്ര രാജ്യസഭാ എം.പി കപിൽ സിബൽ. ഇ.ഡി പോലുള്ള കേന്ദ്ര ഏജൻസികൾ സജീവമാകുന്നത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ ഏജൻസികളുടെ അധികാരപരിധി സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാളിൽ അടുത്തിടെ നടന്ന ഇ.ഡി നടപടികൾ പ്രതിപക്ഷ നേതാക്കളെ ഉപദ്രവിക്കാനും ഫെഡറൽ സംവിധാനത്തെ തകർക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് വാർത്താ സമ്മേളനത്തിൽ സിബൽ പറഞ്ഞു. “തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ.ഡി പെട്ടെന്ന് ഉണരുന്നത് വെറുമൊരു യാദൃശ്ചികതയല്ല. ജാർഖണ്ഡിലും ബിഹാറിലും ഇപ്പോൾ പശ്ചിമ ബംഗാളിലും ഈ രീതി ആവർത്തിക്കുകയാണ്,” അദ്ദേഹം വ്യക്തമാക്കി.
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ആർ.ജെ.ഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവർക്കെതിരായ നടപടികൾ ആ നിയമസഭകളിലെ തിരഞ്ഞെടുപ്പ് കാലത്താണ് ഉണ്ടായതെന്ന് മുൻ കേന്ദ്രമന്ത്രി കൂടിയായ സിബൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ പശ്ചിമ ബംഗാളിലും തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഇ.ഡി എത്തിയിരിക്കുന്നത്. ഇത് നിയമപാലനമല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.