
ദുബായ് : യു ഡി എഫിന്റെ തിരിച്ചുവരവിന് കേരളത്തില്‍ കളം ഒരുങ്ങിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. യു ഡി എഫ് ഭരണത്തിലെ പുതിയ വികസന സംരംഭങ്ങളില്‍, പ്രവാസികളെ സജീവമായി പങ്കാളികളാക്കും. ലോകത്തുടനീളം പഠന കോഴ്‌സുകളും തൊഴില്‍രീതികളും മാറി. അതിന് അനുസരിച്ച് കേരളത്തിലേക്കും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ദോഹയില്‍ പറഞ്ഞു. ഖത്തറിലെ ഇന്‍കാസ് സംഘടിപ്പിച്ച, കുടുംബ സംഗമം, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഖത്തറിലെ ഇന്‍കാസിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തെ അഭിനന്ദിച്ചായിരുന്നു വിഡിയുടെ പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന്, കേരളത്തിന്റെ പുതിയ വികസനത്തിനായുള്ള പ്രതീക്ഷകളും പദ്ധതികളും പ്രവാസികളുമായി അദേഹം പങ്കുവെച്ചു. ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശനാണ്യം എത്തുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ രംഗത്ത് ഗള്‍ഫ് നാടുകളില്‍ നിന്നുള്‍പ്പെടെ ചികിത്സ തേടി കേരളത്തിലേക്ക് എത്താന്‍ കഴിയുന്ന രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കും. ഇതിനുള്ള പരമ്പരാഗത മാര്‍ഗങ്ങളോടൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങളും നടപ്പിലാക്കും. തീരദേശ വികസനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. റോഡ് മാര്‍ഗം നടക്കുന്ന ചരക്കുകടത്തിന്റെ നാലിലൊന്ന് ചെലവില്‍, കടല്‍ മാര്‍ഗം നടത്തുന്നതിനുള്ള സാധ്യതകളും യു ഡി എഫ് പരിഗണിക്കും. കൊച്ചി, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളങ്ങളെ കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ദോഹയിലെ ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആയിരങ്ങളാണ് സംബന്ധിച്ചത്. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധിഖ് പുറായില്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ജെ. കെ. മേനോന്‍, ഐ.സി.സി പ്രസിഡന്റ് ഏ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുള്‍ റഹ്‌മാന്‍, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഇന്‍കാസ് മുഖ്യ രക്ഷാധികാരി ഹൈദര്‍ ചുങ്കത്തറ, ഉപദേശക സമിതി ചെയര്‍മാന്‍ സമീര്‍ ഏറാമല, ഇന്‍കാസ് രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ്, ജോണ്‍ ഗില്‍ബര്‍ട്ട്, വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ. എം ബഷീര്‍, ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍കാസ് ജനറല്‍ സെക്രട്ടറി കെ.വി. ബോബന്‍ സ്വാഗതവും, ട്രഷറര്‍ ജീസ് ജോസഫ് നന്ദിയും പറഞ്ഞു.
