‘പുതിയ ഉത്തരവാദിത്തം, പുതിയ പോരാട്ടം’; യൂത്ത് കോൺഗ്രസിൽ നിർണ്ണായക നിയമനങ്ങൾ

Jaihind News Bureau
Saturday, January 10, 2026

തിരുവനന്തപുരം: കേരള പ്രദേശ് യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ വിങ്ങിന്റെ സംസ്ഥാന ചെയർമാനായി രജിത്ത് രവീന്ദ്രനെ നിയമിച്ചു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് (IYC) അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ഇതിന് പുറമെ മുനീർ സി.എമ്മിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

മുന്നിലുള്ള വെല്ലുവിളികൾ ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ കരങ്ങൾക്ക് കരുത്തുപകരാൻ പുതിയ ഭാരവാഹികൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് നിയമന ഉത്തരവിൽ വ്യക്തമാക്കുന്നു. ഐ.വൈ.സി ഇൻചാർജ് മനീഷ് ശർമ്മ, ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് എന്നിവരുടെ നേതൃത്വത്തിൽ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കാൻ പുതിയ ഭാരവാഹികൾക്ക് സാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.

ഐ.വൈ.സി ജനറൽ സെക്രട്ടറി ഇൻചാർജ് സർവൻ റാവു, സെക്രട്ടറിമാരായ പുഷ്പലത സി.ബി, ഷംസീർ അൻസാരി ഖാൻ, സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്, സോഷ്യൽ മീഡിയ ഇൻചാർജ് നരല നിഹാർ എന്നിവരുമായി ചേർന്ന് ടീം വർക്കിന് പ്രാധാന്യം നൽകിക്കൊണ്ട് സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രജിത്ത് രവീന്ദ്രന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ പൗരന്മാരുടെ മനസ്സിൽ സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശം പ്രചരിപ്പിക്കാൻ ഭാരവാഹികൾ മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നും ഉത്തരവ് ഓർമ്മിപ്പിക്കുന്നു.