കലോത്സവത്തിൽ ‘താമര’ വിരിഞ്ഞു; ബി.ജെ.പി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി സർക്കാർ

Jaihind News Bureau
Saturday, January 10, 2026

64-ാമത് കേരള സ്കൂൾ കലോത്സവത്തിലെ വേദികൾക്ക് പേരിടുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് ഒടുവിൽ അറുതി.  ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതിനെതിരെ ബി.ജെ.പി രംഗത്തെത്തിയതോടെയാണ് കലോത്സവ വേദി രാഷ്ട്രീയ പോർക്കളമായി മാറിയത്. ബി.ജെ.പിയുടെ ചിഹ്നമായതിനാലാണ് താമരയെ ഒഴിവാക്കിയതെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം വിവാദത്തിന് ആക്കം കൂട്ടി. എന്നാൽ, ബി.ജെ.പിയും യുവമോർച്ചയും പ്രതിഷേധം ശക്തമാക്കിയതോടെ സർക്കാർ നിലപാട് തിരുത്താൻ നിർബന്ധിതരാകുകയായിരുന്നു.

പൂക്കളുടെ പേരുകൾ നൽകിയ 25 വേദികളിൽ 15-ാം നമ്പർ വേദിയായ ‘ഡാലിയ’യുടെ പേര് മാറ്റിയാണ് ഇപ്പോൾ ‘താമര’ എന്നാക്കിയിരിക്കുന്നത്. സൂര്യകാന്തി, നീലക്കുറിഞ്ഞി, ചെമ്പകം തുടങ്ങി 24 പൂക്കളുടെ പേരുകൾ പട്ടികയിൽ ഇടംപിടിച്ചപ്പോഴും താമരയെ ബോധപൂർവ്വം ഒഴിവാക്കി എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ബി.ജെ.പിയെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ദേശീയ പുഷ്പത്തെ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് പാർട്ടി വ്യക്തമാക്കിയതോടെ വിവാദം ഭരണതലത്തിൽ ചർച്ചയാവുകയായിരുന്നു.

ജനുവരി 14 മുതൽ 18 വരെ സാംസ്‌കാരിക നഗരിയായ തൃശ്ശൂരിലാണ് കലോത്സവം അരങ്ങേറുന്നത്. ജനുവരി 14-ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. 25 വേദികളിലായി 249 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സി.പി.എം – ബി.ജെ.പി വാക്പോരുകൾക്ക് വഴിവെച്ച ‘താമര’ വിവാദം ഒടുവിൽ പേരുമാറ്റത്തോടെ തണുപ്പിക്കാൻ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് സംഘാടകർ.