
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. തന്ത്രിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇദ്ദേഹത്തെ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് എസ്.ഐ.ടി ഉന്നയിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളികള്‍ കൈക്കലാക്കിയപ്പോള്‍ തന്ത്രി അത് തടഞ്ഞില്ല. ബോര്‍ഡിനെ വിവരം അറിയിക്കുന്നതിന് പകരം മൗനാനുവാദം നല്‍കി ഗൂഢാലോചനയില്‍ പങ്കാളിയായി. ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ തന്ത്രി, താന്ത്രിക വിധികള്‍ ലംഘിച്ച് സ്വര്‍ണ്ണപ്പാളികള്‍ കൈമാറാന്‍ ഒത്താശ ചെയ്തു. ഇതിനായി ‘ദേവന്റെ അനുവാദം’ വാങ്ങിയിരുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കട്ടിളപ്പാളി കൊണ്ടുപോകാന്‍ തന്ത്രി വഴിവിട്ട സഹായം നല്‍കിയെന്നും, വിശ്വാസികള്‍ക്ക് മാതൃകയാകേണ്ട വ്യക്തി കുറ്റകരമായ അനാസ്ഥ കാണിച്ചെന്നും അറസ്റ്റ് നോട്ടീസില്‍ പറയുന്നു. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത തന്ത്രി നിലവില്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലാണ്. തനിക്ക് പ്രമേഹവും കൊളസ്‌ട്രോളും ഉണ്ടെന്നും വൈദ്യസഹായം വേണമെന്നുമുള്ള തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ 13-ാം പ്രതിയാണ് കണ്ഠരര് രാജീവര്. ജാമ്യാപേക്ഷ കോടതി ഈ മാസം 13-ന് പരിഗണിക്കും.
ആറ്റിങ്ങലിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യലിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ജനറല്‍ ആശുപത്രിയിലും എത്തിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ ഇതുവരെ തന്ത്രിയുള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.