തന്ത്രിയെ പൂട്ടാൻ എസ്.ഐ.ടിയുടെ ‘തന്ത്രം’; ജാമ്യാപേക്ഷയ്ക്ക് സമയം നൽകാതെ മിന്നൽ അറസ്റ്റ്

Jaihind News Bureau
Friday, January 9, 2026

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് തന്ത്രി കണ്ഠരര് രാജീവർ നേരത്തെ ഭയന്നിരുന്നു. ഹൈക്കോടതിയിൽ അന്വേഷണ സംഘം നൽകിയ സൂചനകളാണ് തന്ത്രിയെ ജാഗ്രതയിലാക്കിയത്. എന്നാൽ തന്ത്രി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുമെന്ന് മനസ്സിലാക്കിയ എസ്.ഐ.ടി, അന്വേഷണത്തിന്റെ വേഗത കുറച്ച് തന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് തന്ത്രിയെ തടയാൻ സാക്ഷിയാക്കാനെന്ന വ്യാജേന നിരന്തരം ബന്ധപ്പെടുകയും, ഒടുവിൽ ആറ്റിങ്ങലിലെ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്ത ശേഷം മിന്നൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ ശക്തനാക്കിയത് തന്ത്രിയാണെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബെംഗളൂരുവിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്ന പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയുടെ താല്പര്യപ്രകാരമായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ധനികരെ തന്ത്രിക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്ന പോറ്റി, ഒരിക്കൽ പുറത്തായെങ്കിലും തന്ത്രിയുടെ സ്വാധീനത്താൽ ‘സ്പോൺസർ’ എന്ന പദവിയിൽ തിരിച്ചെത്തി. സ്വർണ്ണപ്പാളി പുറത്തുകൊണ്ടുപോകാൻ തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നുവെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ആരോപണങ്ങൾക്ക് ഇത് ബലം നൽകുന്നു.

തന്ത്രിയെ കേവലം മൊഴികളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കൃത്യമായ നിയമ ഗവേഷണത്തിലൂടെയാണ് എസ്.ഐ.ടി പ്രതിയാക്കിയത്. ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നതിനാൽ തന്ത്രി അഴിമതി നിരോധന നിയമത്തിന്റെ (Prevention of Corruption Act) പരിധിയിൽ വരുമെന്ന കണ്ടെത്തൽ കേസിൽ നിർണ്ണായകമായി. കേന്ദ്ര ഏജൻസിയായ ഇഡി കേസ് ഏറ്റെടുത്ത സാഹചര്യത്തിൽ, സ്വന്തം അന്വേഷണത്തിൽ ഒരിടത്തും വീഴ്ചയുണ്ടാകരുത് എന്ന നിർബന്ധം എസ്.ഐ.ടിക്കുണ്ട്. കൊല്ലത്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന തന്ത്രിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവരുന്നതോടെ ഗൂഢാലോചനയിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.